Wednesday, November 24, 2010

കാറ്റിനോടും കിളിയോടും പൈക്കളോടും കിന്നാരം പറഞ്ഞ്‌, അകലാപ്പുഴയുടെ ഓളങ്ങള്‍ക്ക്‌ പുളകം വിതറി വെള്ളൂർ ക്കടവത്തെ പൂമ്പാറ്റയായി ഓടിനടക്കുമ്പോള്‍ കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌. അദ്രുമാനാജിയുമൊത്തുള്ള കൂട്ട്‌ കച്ചോടം പൊളിഞ്ഞ്‌ അറ്റകണ്ണിയും വീണതലവും പോയി സെയ്താലിക്കുട്ടിക്ക കടവത്ത്‌ തോണിയിറങ്ങിയപ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌! കച്ചോടം പൂട്ടിയ വകയില്‍ സെയ്താലിക്കുട്ടി, അദ്രുമാനാജിക്ക്‌ കൊടുക്കാനുണ്ടായിരുന്ന ഇരുവത്തയ്യായിരത്തിനു പകരപ്പണയമായി പാറപ്പള്ളിക്കുന്നിനു താഴ്‌വരയില്‍ നാലകംവീട്ടിലെ ആനവാതില്‍ കടന്ന് തറവാട്ടിലെ വടക്കേകെട്ടിലിലെ സപ്രമഞ്ചക്കട്ടിലില്‍ മേല്‍ക്കട്ടിയും നോക്കി മലര്‍ന്നു കിടക്കുമ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ടു തന്നെ.തിരുമണം കഴിഞ്ഞ്‌ രാവൊന്നു മൂത്തപ്പോള്‍ ചെറുചൂടില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ നെയ്യൊഴിച്ച കഞ്ഞിയും, വാഴയിലയില്‍ പരത്തി എണ്ണകൂടാതെ ചുട്ടെടുത്ത ടയറ്‌ പത്തിരി നല്ല നാടന്‍കോഴിക്കറി കൂട്ടി നാലെണ്ണവും തട്ടി, സുഹത്തിനൊരേമ്പക്കവും വിട്ട്‌ മണിയറപൂകുന്നേരം പാതിരാക്കോഴി ഒന്നാം വട്ടം കൂവിയിരുന്നു. ആയതിനാല്‍ തന്നെ പുതുമണവാട്ടി കുഞ്ഞിപ്പാത്തു "നേരത്തിനും കാലത്തിനും വന്നില്ലേല്‍ ആദ്യരാവ്‌ നീട്ടി നാളേയ്ക്കു വെക്കാം" എന്നൊരു മെസ്സേജും എഴുതിവെച്ച്‌ നല്ല പൂണ്ട ഉറക്കത്തിലും. പറയുമ്പോള്‍ ഹാജ്യാര്‍ക്കിത്‌ ആദ്യരാത്രി ലീഗലായി മൂന്നാം തവണയും ഇല്ലീഗലായി.... ഹൂശ്‌...അതിന്റെ കണക്ക്‌ ശരിയാക്കാന്‍ പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റി ഇതുവരേ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ കൊണ്ട്‌ കിട്ടുന്ന മുറയ്ക്ക്‌ ബോധിപ്പിക്കുന്നതായിരിക്കും!